ബാലശാസ്ത്ര കോണ്‍ഗ്രസ്സ്








  കൃഷിയെ രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത് കുട്ടിശാസ്ത്രജ്ഞന്മാര്‍ പിരിഞ്ഞു

കൃഷിയെ അറിഞ്ഞും കുട്ടനാടിനെഅറിഞ്ഞും രണ്ടു നാള്‍ നീണ്ട ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു. മുതിര്‍ന്ന തലമുറ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരാണെന്നും അതിനെ സംരക്ഷിക്കാനും  പുനഃസ്ഥാപിക്കാനും പുതിയതലമുറയ്ക്കാണ് കഴിയുകയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കാര്‍ഷികസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍  പറഞ്ഞു. ഭക്ഷ്യസുരക്ഷാവെല്ലുവിളി നേരിടുന്ന നമ്മുടെ സമുഹത്തിന് ആവശ്യം കൂടുതല്‍ കാര്‍ഷിക ശാസ്ത്രജ്ഞരെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു





കുട്ടി ശാസ്ത്രജ്ഞരോടൊപ്പം ശാസ്ത്രാദ്ധ്യാപകനായി മന്ത്രി



കേരളത്തിലെ  ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരളശാസ്ത്ര സാഹിത്യ  പരിഷത്ത്  സംഘടിപ്പിച്ച ബാലശാസ്ത്രകോണ്‍ഗ്രസ്  ധനമന്ത്രി ഡോ.തോമസ് ഐസക്ക്   മങ്കൊമ്പ്  നെല്ലുഗവേഷണകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു.
നെല്‍കൃഷി കേന്ദ്ര പഠന വിഷയമായ ബാലശാസ്ത്ര  കോണ്‍ഗ്രസ്സില്‍ കൃഷിയുടെ  ചരിത്രം ,കേരളത്തിലെ നെല്‍ക‍ൃഷി നേരിടുന്ന  പ്രശ്നങ്ങള്‍ കേരളവും മറ്റ്  സംസ്ഥാനങ്ങളും തമ്മിലുള്ള കാര്‍ഷിക  താരതമ്യങ്ങള്‍ തുടങ്ങിയവ  ചോദ്യോത്തരങ്ങളിലുടെ തോമസ് ഐസക്ക് വിശദമാക്കി.
നെല്‍കൃഷിയും കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും എന്ന  വിഷയത്തിലാണ്  ഡോ.തോമസ്  ഐസക്ക് ക്ലാസ്സെടുത്തത്.കേരളത്തിന്റെ നെല്ലുല്പാദനം  കഴിഞ്ഞ കുറേ  പതിറ്റാണ്ടുകളായി കുറഞ്ഞു വരികയായിരുന്നു.എന്നാല്‍ കഴിഞ്ഞ  മൂന്നു  വര്‍ഷങ്ങളില്‍  നെല്ലുല്പാദന രംഗത്ത് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി   പഠനങ്ങള്‍ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ നില തുടരേണ്ടതിന്റെ   ആവശ്യകത അദ്ദേഹം കുട്ടികളെ ബോദ്ധ്യപ്പെടുത്തി. ഏതു പഠനശാഖയാണെങ്കിലും   അതിന്റെ സാമൂഹ്യശാസ്ത്ര പരമായ വശങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതിന്റെ   പ്രാധാന്യം കുട്ടികളെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കുട്ടികള്‍ക്കും   മുതിര്‍ന്നവര്‍ക്കും അത്യന്തം വി‍‍ജ്ഞാനപ്രദവും രസകരവുമായ ഭക്ഷ്യകാര്‍ഷിക   സംവാദം വേറിട്ട ഒരനുഭവമായി മാറി
വ്യത്യസ്ത  ഗവേഷണപഠന മേഖലകളേക്കുറിച്ചും ശാസ്ത്ര ശാഖകളേക്കുറിച്ചും   പഠനഗവേഷണസ്ഥാപനങ്ങളേക്കുറിച്ചുമുള്ള മന്ത്രിയുടെ തുടര്‍ച്ചയായ   ചോദ്യങ്ങള്‍ക്ക്  ചടുലമായ പ്രതികരണങ്ങളാണ്  കുട്ടികള്‍നല്‍കിയത്. ശാസ്ത്ര   കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മുഴുവന്‍കുട്ടികള്‍ക്കും അദ്ദേഹം രചിച്ച കേരളം   മണ്ണും മനുഷ്യനും എന്ന പുസ്തകം സ്വന്തം ഒപ്പോടെ സ്നേഹപൂര്‍വ്വം   സമ്മാനിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്   കെ.ടി.രാധാകൃഷ്ണന്‍   അദ്ധ്യക്ഷത വഹിച്ചു. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം  മേധാവി  ഡോ.ലീനാകുമാരി, ശാസ്ത്രകോണ്‍ഗ്രസ്  അക്കാദമിക സമിതി കണ്‍വീനര്‍  ടി.കെ  മീരാഭായി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അസ്ലാം  സ്വാഗതവും  എന്‍.സാനു  നന്ദിയും പറഞ്ഞു. കാവാലം രംഭാമ്മയുടെ  കൊയ്ത്തുപാട്ടോടെയാണ്  പരിപാടി  ആരംഭിച്ചത്.ഉദ്ഘാടന സമ്മേളനത്തിനുശേഷം  കുട്ടികള്‍ തയ്യാറാക്കി  വന്ന  പഠന  പ്രബന്ധങ്ങള്‍ ഏഴ് സമാന്തര ഗ്രൂപ്പുകളിലായി  അവതരിപ്പിക്കപ്പെട്ടു.  കേരളത്തിലെ നെല്‍കൃഷിയില്‍ വന്ന മാറ്റങ്ങളാണ്  കുട്ടികള്‍  അവതരിപ്പിച്ചത്.പ്രബന്ധങ്ങള്‍ നെല്ലുഗവേഷണകേന്ദ്രത്തിലെ  ശാസ്ത്രജ്ഞര്‍  വിലയിരുത്തി.
ഉച്ചയ്ക്ക് ശേഷം കുട്ടികള്‍  ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ട  പഠനപ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടു.കുമരകം കാര്‍ഷികഗവേഷണകേന്ദ്രം  ഡയറക്ടര്‍  ഡോ.കെ.ജി.പത്മകുമാര്‍,മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി   ഡോ.ലീനാകുമാരി,പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.ജോണ്‍മത്തായി,കര്‍ഷകനായ   ബി.രാജപ്പന്‍ നായര്‍ എന്നിവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി ഇരുനൂറോളം കുട്ടികളും  നിരവധി  കാര്‍ഷിത ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് 10  ന്  വൈകുന്നേരം സമാപിക്കും.സമാപനസമ്മേളനത്തില്‍ കാര്‍ഷികസര്‍വ്വകലാശാല വൈസ്   ചാന്‍സലര്‍ കെ,ആര്‍.വിശ്വംഭരന്‍ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും.

Related Posts Plugin for WordPress, Blogger...