നദീ സംയോജന പദ്ധതി - സര്‍ക്കാര്‍ ഇടപെടണം.


ദീ സംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിയമഭരണതല നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
നദീസംയോജന പദ്ധതി സംബന്ധിച്ച്  2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി ഈ പദ്ധതി നടപ്പിലാക്കിയേതീരു എന്ന സ്ഥിതി വിശേഷം സംജാതമാക്കിയിരിക്കുകയാണ്. ഈ വിധി ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. സുപ്രീം കോടതിതന്നെ പരാമര്‍ശിച്ചതുപോലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചിന്റെ പഠനമാണ് ഈവിധിക്ക് ആധാരമായുള്ളത്. ഈ പഠനമാകട്ടെ നദീ സംയോജന പരിപാടിയുടെ സാമ്പത്തിക അവലോകനം മാത്രമാണ്. അല്ലാതെ നേട്ട കോട്ട വിശ്ലേഷണമോ പാരിസ്ഥിതിക  പഠനമോ അല്ല. ജലം ഒരു ചരക്കാണ് എന്നും അതിന്റെ കൈകാര്യ ചെലവ് മാത്രമല്ല, മുലധന ചെലവിന്റെ ഒരു ഭാഗം കൂടി ഈടാക്കണം എന്നും നിര്‍ദ്ദേശിക്കുന്ന ഒരു റിപ്പോര്‍ട്ടാണിത്. ചുരുക്കത്തില്‍ ജലത്തിന്റെ ചരക്കുവത്കരണം സംബന്ധിച്ച നിലപാടാണ് വിധിയിലൂടെ പുറത്തു വരുന്നത്.

12 ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് ഇന്ത്യന്‍ ആസൂത്രണത്തില്‍ എന്ത് മുന്‍ഗണനയാണ് ഉള്ളത് എന്ന് പരിശോധിച്ചിട്ടില്ല. ഇതില്‍ ഉള്‍പ്പെട്ട 30 പദ്ധതികളില്‍ ഒന്നിന്റെ പോലും വിശദമായ പദ്ധതി രേഖ തയാറാക്കിയിട്ടില്ല. വനനിയമ പ്രകാരമോ, പുനരധിവാസ നോട്ടിഫിക്കേഷന്‍ പ്രകാരമോ തീരദേശ പരിപാലന നിയമ പ്രകാരമോ ഒരു പരിശോധനയും നടന്നിട്ടില്ല. കേന്ദ്ര ആസൂത്രണകമ്മീഷനോ ധനകാര്യ വകുപ്പോ കേന്ദ്ര ക്യാബിനറ്റോ ഈ പരിപാടി പരിഗണിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുക വഴി വളരെ അസാധാരണമായ സ്ഥിതി വിശേഷമാണ്  സൃഷ്ടിച്ചിക്കപ്പെട്ടിരിക്കുന്നത്.
പമ്പയെയും അച്ചന്‍കോവിലാറിനെയും സംബന്ധിച്ച എല്ലാ പഠനങ്ങളെയും നിരാകരിക്കുന്നതും വേമ്പനാടിന്റെയും കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കാര്‍ഷികസമൃദ്ധിയേയും ജലസന്തുലനത്തെയും അട്ടിമറിക്കുന്നതുമായ ഒന്നാണ് ഈ പരിപാടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട  പമ്പഅച്ചന്‍കോവില്‍വൈപ്പാര്‍ പദ്ധതി. പമ്പയിലും അച്ചന്‍കോവിലിലും അധികജലമുണ്ടെന്നും അതില്‍ 635 ദശലക്ഷം ഘനമീറ്റര്‍ ജലം തമിഴ് നാട്ടിലെ വൈപ്പാര്‍ തടത്തിലേക്ക് തിരുച്ചുവിട്ട് അവിടത്തെ 91,400 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താം എന്നുമുള്ള പദ്ധതിയാണിത്.
കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന നദികളുടെയും ആറുകളുടെയും ജലശേഷിയില്‍ വേമ്പനാടിന്റെയും കുട്ടനാടിന്റെയും ജലആവശ്യവും കണക്കിലെടുത്ത് സി. ഡബ്ല്യൂ. ആര്‍. ഡി. എം. (ഇ. ണ. ഞ. ഉ. ങ.) വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അച്ചന്‍കോവിലാറിന് 459 ദശലക്ഷം ഘനമീറ്റര്‍ ജലത്തിന്റെ കുറവാണ് ഇപ്പോഴുള്ളത്. മീനച്ചിലാറിന് 203 ദശലക്ഷം ഘനമീറ്റര്‍, മണിമലയ്ക്ക് 398 ദശലക്ഷം ഘനമീറ്റര്‍, മൂവാറ്റുപുഴയ്ക്ക് 1671 ദശലക്ഷം ഘനമീറ്റര്‍, എന്നിങ്ങനെ ജലക്കമ്മി ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അതായത് ഈ പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ഓരു ജലനിയന്ത്രണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ആവശ്യമായതിനേക്കാള്‍ കുറവ് ജലം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് എന്നര്‍ത്ഥം. ഈ സാഹചര്യത്തില്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട വേമ്പനാട് കോള്‍ തണ്ണീര്‍തട വ്യവസ്ഥയെയും ലക്ഷക്കണക്കിന് ജനങ്ങളെയും കര്‍ഷകരെയും ബാധിക്കുന്ന ഒന്നായിരിക്കും പമ്പഅച്ചന്‍കോവില്‍വൈപ്പാര്‍ പദ്ധതി. കുട്ടനാടിന്റെയും പമ്പയുടേയും പരിസ്ഥിതി പുനസ്ഥാപനത്തിന് ആയിരക്കണക്കിന് കോടി രൂപ മുടക്കുന്ന സര്‍ക്കാര്‍ ഇവിടേക്ക് ആവശ്യത്തിന് ജലം ഒഴുകിയെത്താതിരുന്നാലുണ്ടാകുന്ന സ്ഥിതിവിശേഷത്തെപ്പറ്റി ഗൗരവപൂര്‍വ്വം ആലോചിക്കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലയില്‍ നങ്ങ്യാര്‍കുളങ്ങരയില്‍ കായംകുളം താപ വൈദ്യുതനിലയത്തിനായി 1993 ല്‍ പൊന്നും വില നല്‍കി ഏറ്റടുത്ത സ്ഥലത്ത് സ്വകാര്യമേഖലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയുടെ മധ്യഭാഗത്ത് ഇന്ന് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റ്റി.ഡി.മെഡിക്കല്‍ കോളേജ് സാധാരണക്കാരനാവശ്യമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും നല്‍കുവാന്‍ പര്യാപ്തമാണ്. ഒപ്പം പുന്നപ്ര സഹകരണ ആശുപത്രിയും മികച്ച നിലവാരത്തിലുള്ള സ്ഥാപനമാണ്. ഇവയെ കൂടുതല്‍ കാര്യക്ഷമാക്കാനാവശ്യമായ ഇടപെടലുകളാണ് വര്‍ധിത തോതില്‍ ഉണ്ടാവേണ്ടത്. ജില്ലയുടെ തെക്കന്‍ പ്രദേശത്തുള്ളവരുടെ ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ കേവലം 10 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വരുന്ന ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികളെയും മാവേലിക്കരയിലെ ജില്ലാ ആശുപത്രിയേയും ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയെയും കൂടാതെ നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയെയും ഈ പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും മെച്ചപ്പെടുത്തുക എന്നതാണ് ഉണ്ടാവേണ്ടത്. അതിനുപകരം സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ് തന്നെയാണ് വേണ്ടതെന്ന വാശി വിദ്യാഭാസ കച്ചവടത്തിന് വേണ്ടിയാണെന്നതില്‍ തര്‍ക്കമില്ല.
ഇത്തരമൊരു ഭൂമികൈമാറ്റത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്‍.ടി.പി.സി.യ്ക്ക് മേലില്‍ യാതൊരു ഭൂമിയും ആവശ്യം വരികയില്ലയെന്ന് അധികൃതര്‍ പറയേണ്ടതുണ്ട്. അല്ലാതെയുള്ള ഭൂമി കൈമാറ്റം ന്യായീകരിക്കാവുന്നതല്ല. അതിനാല്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്ഥലത്ത് പുതിയൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് എന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ പരിസ്ഥിതി പുനഃസ്ഥാപനം മുഖ്യ ലക്ഷ്യമാക്കണമെന്നും, കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനമെന്നാല്‍ 3000 കി. മീ. കരിങ്കല്‍കോണ്‍ക്രീറ്റ് ബണ്ട് നിര്‍മ്മാണമാണെന്ന എം എസ്. സ്വാമിനാഥന്റെ ഇപ്പോഴത്തെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല എന്നും സമ്മേളനം വിലയിരുത്തി. നൂറനാട് ലപ്രസി സാനിട്ടോറിയം തദ്ദേശ വാസികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമാക്കി നിലനിര്‍ത്തുന്നതോടൊപ്പം അവിടെ ആരോഗ്യ ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏപ്രില്‍ 21ന് ആരംഭിച്ച സമ്മേളനം 22ന് വൈകിട്ട് അവസാനിച്ചു. രണ്ടാം ദിവസം സമ്മേളത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. തോമസ് ഐസക്ക് എം. എല്‍. എ. സംസാരിച്ചു. പരിഷത്ത് നിര്‍വ്വാഹക സമിതി അംഗം എന്‍. കെ. ശശിധരന്‍ സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി എന്‍. സാനു ഭാവി പ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി. ജയരാജ്, വൈസ് പ്രസിഡന്റുമാരായ ആര്‍. രഞ്ജിത്ത്, ലേഖ കാവാലം എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ആര്‍. രഞ്ജിത്ത് (പ്രസിഡന്റ്), എന്‍. സാനു (സെക്രട്ടറി), അഡ്വ. ടി. കെ. സുജിത്ത് (ട്രഷറര്‍), വേണുഗോപാല്‍, മുരളി കാട്ടൂര്‍ (ജോ. സെക്രട്ടറിമാര്‍), മുഹമ്മദ് അസ്ലം, വി. ഉപേന്ദ്രന്‍(വൈസ് പ്രസിഡന്റുമാര്‍), ജയന്‍ ചമ്പക്കുളം, റജി സാമുവല്‍, പ്രസാദ് ദാസ്, ലേഖ കാവാലം, ജയന്‍ ചമ്പക്കുളം, പി. ജയരാജ് (വിഷയ സമിതി കണ്‍വീനര്‍മാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Related Posts Plugin for WordPress, Blogger...