കുടിവെള്ളത്തിന്‍റെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ ജലസഭ


കുടിവെള്ള സ്വകാര്യവല്‍ക്കരണം മൗലികാവകാശ ലംഘനം

      കുടിവെള്ള മേഖലയില്‍ ബഹുരാഷ്ട്രക്കുത്തക കമ്പനികള്‍ക്ക്‌ പരവതാനി വിരിക്കുന്നതിനുള്ള ഉത്തരവുകളാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നതെന്നും കുടിവെള്ളം ജന്മാവകാശമായി പ്രഖ്യാപിക്കുവാനുള്ള പോരാട്ടത്തിന്‌്‌ കേരളം മുന്നോട്ടിറങ്ങണമെന്നും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച ജലസഭ ഉത്‌ഘാടനം ചെയ്‌തുകൊണ്ട്‌ മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പ്രസ്‌താവിച്ചു. കുടിവെള്ളം ഒരു കച്ചവടച്ചരക്കാണെന്ന കേന്ദ്രനയത്തിന്റെ ചുവടുപിടിച്ചാണ്‌ കേരളത്തിലും പരിഷ്‌കാരങ്ങള്‍ കടന്നുവരുന്നത്‌. ചില ഉദ്യോഗസ്ഥന്മാരും കുത്തകകമ്പനികളും ചേര്‍ന്ന്‌ കേരളത്തിലെ കുടിവെള്ള കമ്പോളത്തെ ചൂഷണം ചെയ്യാനുള്ള നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കുടിവെള്ളക്കമ്പനി വില്‍ക്കുന്ന വിലയ്‌ക്ക്‌ വാട്ടര്‍ അതോറിറ്റിയും വെള്ളം വില്‍ക്കണം എന്ന വ്യവസ്ഥയാണ്‌ ഇവര്‍ തയ്യാറാക്കിയ സര്‍ക്കാരുത്തരവിലുള്ളത്‌.
നിയമസഭ പാസ്സാക്കിയ നിയമപ്രകാരം നിലവില്‍ വന്ന കേരള വാട്ടര്‍ അതോറിറ്റി ബില്ലിലെ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി, കേരള നിയമസഭയെപ്പോലും നോക്കുകുത്തിയാക്കിയാണ്‌ ഈ സര്‍ക്കാര്‍ ഉത്തരവ്‌ ഇറങ്ങിയിട്ടുള്ളത്‌. അത്‌്‌ നിയമവിരുദ്ധവുമാണ്‌. കേരള ജനതയോടുമുള്ള വെല്ലുവിളിയുമാണ്‌. കേരളം ഇന്ന്‌ നേരിടുന്ന ജലദൗര്‍ലഭ്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നും അത്‌ മനുഷ്യസൃഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലഗോപുരങ്ങളായ കുന്നുകളും മലകളും ഇടിച്ചുനിരത്തി ജലസംഭരണികളായ പുഴകളും വയലുകളും നികത്തിയതിന്റെ പരിണിതഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലസഭയില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പരിസ്ഥിതി ഉപസമിതി കണ്‍വീനര്‍ ജോജികൂട്ടുമ്മേല്‍ വിഷയമവതരിപ്പിച്ചു. വാട്ടര്‍ അതോറിറ്റി എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെ. മോഹന്‍കുമാര്‍, പി.പി. ചിത്തരഞ്‌ജന്‍, എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. ഗോപകുമാര്‍ മോഡറേറ്ററായിരുന്നു. കെ.ജി. ജയരാജ്‌ സ്വാഗതവും പി.വി. ജോസഫ്‌ കൃതജ്ഞതയും പറഞ്ഞു.
Related Posts Plugin for WordPress, Blogger...