പരിഷത്ത് സുവര്‍ണ ജൂബിലി ജില്ലാ വാര്‍ഷികം - ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍



ഊര്‍ജ സംരക്ഷണം - എന്‍. സാനു ക്ലാസ്സെടുക്കുന്നു.

നഗരത്തില്‍ 4000 ചൂടാറാപെട്ടികള്‍ പ്രചരിപ്പിക്കും.
100 ഊര്‍ജ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

മെയ് 4, 5 തീയതികളില്‍ ആലപ്പുഴയില്‍ വച്ചു നടക്കുന്ന പരിഷത്ത് സുവര്‍ണ ജൂബിലി ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നഗരത്തില്‍ വ്യാപകമായ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വാര്‍ഷിക ചെലവിന്റെ ഒരു ഭാഗം ഇതുവഴി സമാഹരിക്കും. ഇതിന്റെ ഭാഗമായി നഗരത്തില്‍ 4000 ചൂടാറാപെട്ടികള്‍ പ്രചരിപ്പിക്കും. ആശയ പ്രചരണത്തിന്റെ ഭാഗമായി ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം കാണിക്കുന്ന പതിനായിരം ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും നൂറോളം ഊര്‍ജ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.


അരി, പയര്‍, പച്ചക്കറികള്‍ മുതലായവ നാല്‍പത് ശതമാനം വരെ ഊര്‍ജലാഭത്തോടെ പാചകം ചെയ്യുന്നതിനുള്ള ലളിതവും ചെലവുകുറഞ്ഞതുമായ മാര്‍ഗമാണ് ചൂടാറാപെട്ടി. ഒരു ചൂടാറാപെട്ടി ഉപയോഗിച്ച്  പാചകം ചെയ്യുമ്പോള്‍ ഒരു കുടുംബത്തിന് ഒരുദിവസം ശരാശരി 90 ഗ്രാം എല്‍. പി. ജി. യോ രണ്ടു കിലോ ഗ്രാം വിറകോ ലാഭിക്കാന്‍ കഴിയും. പ്രതിവര്‍ഷം രണ്ട് പാചകവാതക സിലിണ്ടര്‍ വരെ ഇങ്ങനെ ലാഭിക്കാന്‍ ഒരു കുടുംബത്തിന് സാധിക്കും. സാമ്പത്തിക ലാഭത്തിനൊപ്പം കാര്‍ബണ്‍ ഉല്‍സര്‍ജനത്തില്‍ വരുന്ന കുറവും വളരെ പ്രധാനമാണ്. ഒരു വീട്ടില്‍ ഒരു വര്‍ഷം ചൂടാറാപെട്ടി ഉപയോഗിക്കുന്നതു വഴി കാര്‍ബണ്‍ ഉല്‍സര്‍ജനം നൂറ് കിലോഗ്രാമിലധികം കുറയ്ക്കാന്‍ സാധിക്കും. 4000 ചൂടാറാ പെട്ടികള്‍ പ്രചരിപ്പിക്കുക വഴി അന്തരീക്ഷത്തിലേക്ക് ഉല്‍സര്‍ജിക്കപ്പെടുന്ന കാര്‍ബണിന്റെ അളവ്  400ടണ്‍ കണ്ട് കുറക്കാന്‍ സാധിക്കും. ആഗോള തപനത്തെ ചെറുക്കാനുള്ള ഒരു പരിശ്രമവും ഇതിന്റെ ഭാഗമായി നടക്കുന്നു.


നഗരത്തിലെ കുടുംബശ്രീ സംവിധാനം, റസിഡന്റ് അസോസിയേഷനുകള്‍, ഗ്രന്ഥശാലകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. പരിഷത്ത് ഗവേഷണ സ്ഥാപനമായ ഐ. ആര്‍. ടി. സിയുടെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും സഹകരണം ഇതുമായി ബന്ധപ്പെട്ട് ലഭിക്കും. ഊര്‍ജ സംരക്ഷണ ക്ലാസ്സുകള്‍ക്കുള്ള പരിശീലനം ഏപ്രില്‍ 24 ന് രണ്ട് കേന്ദ്രങ്ങളിലായി നടന്നു. ആലപ്പുഴ നോര്‍ത്ത് സി. ഡി. എസ്സ്. ഹാളില്‍ വച്ച് രാവിലെ 10 ന്‌നടന്ന പരിശീലനം നഗരസഭാ കൗണ്‍സിലര്‍ എം. ആര്‍. പ്രേം ഉദ്ഘാടനം ചെയ്തു. പി. ജയരാജ് അദ്ധ്യക്ഷനായിരുന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി എന്‍, സാനു ക്ലാസ്സെടുത്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉച്ചക്ക് നടന്ന പരിശീലനത്തില്‍ സി. ഡി. എസ്സ്. ചെയര്‍ പേഴ്‌സന്‍ രാജേശ്വരി ഉദയന്‍ അദ്ധ്യക്ഷയായിരുന്നു.

Related Posts Plugin for WordPress, Blogger...