സുവര്‍ണജൂബിലി കലാജാഥ ഫെബ്രുവരി 2 മുതല്‍ 4 വരെ ജില്ലയില്‍ പ്രചരണം നടത്തും

       കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സുവര്‍ണജൂബിലി കലാജാഥ 2012 ഫെബ്രുവരി 2 മുതല്‍ 4 വരെ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തും. പരിഷത്ത്‌ സുവര്‍ണജൂബിലി പരിപാടിയായ നവകേരളോത്സവത്തിന്റെ ഭാഗമായാണ്‌ കലാജാഥ അവതരിപ്പിക്കപ്പെടുന്നത്‌. സംസ്ഥാനത്ത്‌ പര്യടനം നടത്തിവരുന്ന രണ്ട്‌ കലാജാഥകളില്‍ ജനുവരി 26ന്‌ തിരുവനന്തപുരത്തുനിന്നും ആരംഭിച്ച തെക്കന്‍ കലാജാഥയാണ്‌ ജില്ലയില്‍ എത്തുന്നത്‌. വനിതകളടക്കം 20 കലാകരന്മാരാണ്‌ സംഘത്തിലുള്ളത്‌. ഒരു ദിവസം 3 കേന്ദ്രങ്ങളില്‍ കലാജാഥയ്‌ക്ക്‌ സ്വീകരണം നല്‍കും. സ്വീകരണ കേന്ദ്രങ്ങളില്‍ സംഘം കലാപരിപാടികള്‍ അവരിപ്പിക്കും. ശാസ്‌ത്രം, ശാസ്‌ത്രബോധം, സംസ്‌കാരം, പരിസ്ഥിതി, വികസനം, സ്‌ത്രീസമത്വം, വിദ്യാഭ്യാസം, വര്‍ഗീയത തുടങ്ങിയവയൊക്കെയാണ്‌ ഈ കലാരൂപങ്ങളുടെ ഇതിവൃത്തമായുള്ളത്‌. 



     1980 മുതല്‍ പരിഷത്ത്‌ അവതരിപ്പിച്ചിട്ടുള്ളതും വളരെയേറെ ജനശ്രദ്ധ ലഭിച്ചിട്ടുള്ളതും കാലിക പ്രസക്തിയിള്ളതുമായ കലാപരിപാടികള്‍ തെരഞ്ഞെടുത്ത്‌ കോര്‍ത്തിണക്കിയ അവതരണങ്ങളാണ്‌ ജാഥയിലുള്ളത്‌. ഓരോ കാലത്തും അവയിലൂടെ പരിഷത്ത്‌ ചൂണ്ടിക്കാട്ടിയ പ്രശനങ്ങളും അശാസ്‌ത്രീയതകളും, പങ്കുവയ്‌ക്കാന്‍ ശ്രമിച്ച ആശയങ്ങളും ആശങ്കകളും ഇന്നും സജീവമായി സമൂഹത്തില്‍ നിലനില്‍ക്കുകയാണ്‌. മുല്ലനേഴി, കുഞ്ഞപ്പ പട്ടാന്നൂര്‍, കരിവള്ളൂര്‍ മുരളി, പി. കെ. ശിവദാസ്‌, എം. എം. സജീന്ദ്രന്‍ തുടങ്ങിയവരുടെ രചനകളെ ആസ്‌പദമാക്കി തയ്യാറാക്കിയിട്ടുള്ള സംഗീത ശില്‌പങ്ങള്‍, ലഘുനാടകങ്ങള്‍, നാടന്‍കലാ രൂപങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, പാവനാടകങ്ങള്‍, സംഘനൃത്തങ്ങള്‍ എന്നിവ സ്വീകരണ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. 


        ഫെബ്രുവരി 2ന്‌ ചെങ്ങന്നൂര്‍ മേഖലയിലെ ബുധന്നൂരില്‍ ഉച്ചയ്‌ക്ക്‌ ശേഷം 3 മണിക്ക്‌ ജില്ലയിലെ ആദ്യ സ്വീകരണം നല്‍കും. അന്ന്‌്‌ സന്ധ്യയ്‌ക്ക്‌ 6 മണിക്ക്‌ ചാരുംമൂട്‌ മേഖലയിലെ നൂറനാട്‌ പടനിലം, 3-ാം തീയതി രാവിലെ കായംകുളം പുതിയടം എസ്സ്‌. എന്‍. വിദ്യാപീഠം, ഉച്ചയ്‌ക്ക്‌ ശേഷം ഹരിപ്പാട്‌ ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വൈകിട്ട്‌ ആലപ്പുഴ നഗര ചത്വരം എന്നിവിടങ്ങളിലും ഫെബ്രുവരി 4ന്‌ രാവിലെ അമ്പലപ്പുഴ ടൗണ്‍ ഹാള്‍, ഉച്ചയ്‌ക്ക്‌ ശേഷം തൈക്കാട്ടുശേരി മേഖലയിലെ പാണാവള്ളി പഞ്ചായത്ത്‌ ഹാള്‍, വൈകിട്ട്‌ ചേര്‍ത്തല മേഖലയിലെ പുത്തനമ്പലം മൈതാനം എന്നിവടങ്ങളിലും കലാജാഥയ്‌ക്ക്‌ സ്വീകരണം നല്‍കും. ജാഥാ സ്വീകരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ വിപുലമായ പുസ്‌തക പ്രചരണവും നിരവധി അനുബന്ധപരിപാടികളും നടന്നുവരുന്നു.

Related Posts Plugin for WordPress, Blogger...