കുട്ടനാട് പാക്കേജ്
ദുരിതത്തില്‍നിന്നുംദുരന്തത്തിലേയ്ക്ക് - പരിഷത്ത്
കുട്ടനാട് പായ്‌ക്കേജ് പ്രവര്‍ത്തനങ്ങള്‍ കുട്ടനാടിനെ ദുരിതത്തില്‍നിന്നും ദുരന്തത്തിലേക്ക് കൊണ്ടുപോകുകയാണ്. ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ അന്തഃസത്തയെ അട്ടിമറിക്കുന്നതും മൂന്‍ഗണനകളെ അവഗണിക്കുന്നതുമാണ് ഇപ്പേള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍.
കുട്ടനാടിന്റെ പാരിസ്ഥിതിക സവിശേഷതകളുടെ പുനഃസ്ഥാപനം, അതുവഴി കൃഷി, മത്സ്യബന്ധനം തുടങ്ങിയ തൊഴില്‍തുറകളുടെ വികാസം എന്നിവയാണ് കമ്മീഷന്‍ പരിഗണിച്ച വിഷയങ്ങള്‍. ഇതിനായി 15 കര്‍മ്മപദ്ധതികള്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പാടശേഖരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് എട്ടാമത്തെ കര്‍മപദ്ധതി മാത്രമാണ്. കുട്ടനാടിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ തിരിച്ചുപിടിക്കുന്നതിനുതകുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് കമ്മീഷന്‍ മുന്‍ഗണന നല്‍കിയിരുന്നത്. ഇവയാണ് ഇന്ന് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഈ അട്ടിമറി എളുപ്പമാക്കുന്നത് കമ്മീഷന്‍ റിപ്പേര്‍ട്ടിലെതന്നെ ഉള്‍ വൈരുദ്ധ്യങ്ങളാണ്. കുട്ടനാട്ടിലെ നെല്‍കൃഷിയുടെ നഷ്ടത്തിന്റെ കാരണമായി കമ്മീഷന്‍ പറഞ്ഞുവയ്ക്കുന്നത് പുറം ബണ്ടുകളിന്‍മേലുള്ള കര്‍ഷകന്റെ ആവര്‍ത്തന ചെലവാണ്. ഇതാകട്ടെ കമ്മീഷന്റെ കണക്കുപ്രകാരം തന്നെ 10 മുതല്‍ 20 ശതമാനം വരെ മാത്രമേ വരൂ. രാസവളങ്ങളോടും കീടനാശിനികളോടുമുള്ള കര്‍ഷകന്റെ അമിതആശ്രയം, ഇവയുടെ വിലയിലുണ്ടാകുന്ന വന്‍ വര്‍ദ്ധനവ് ഇതൊന്നും കണക്കാക്കുന്നില്ല. ഇതോടെ നെല്‍കൃഷി ലാഭത്തിലാക്കാനുള്ള മുഴുവന്‍ ശ്രദ്ധയും പുറം ബണ്ട് നിര്‍മ്മാണത്തിലായി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന, കുട്ടനാട്ടില്‍ ഇതേവരെ നടത്തിയ വഴിതെറ്റിയ വികസനരീതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ച് അതേ താല്‍പര്യങ്ങള്‍ കടന്നുവന്നതോടെ പുറം ബണ്ട് നിര്‍മ്മാണമെന്നത് വലിയ ആഘോഷമായിമാറുകയും ചെയ്തു. ആപ്പുഴ, കോട്ടയം പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 2,827.29 കോടി രൂപ്‌യുടെ പുറംബണ്ട് നിര്‍മ്മാണത്തിനാണ് ഇപ്പോള്‍ പദ്ധതി. കായല്‍ നിലങ്ങളില്‍ മാത്രം 155 കി. മീ. നീളത്തില്‍ പില്ലര്‍ സ്ലാബ് മതിലാണ് നിര്‍മ്മിക്കുന്നത്.
കരിങ്കല്‍, കോണ്‍ക്രീറ്റ്, പുറം ബണ്ടുകള്‍, എന്നിവ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരാണ്. (പേജ് 134) സാധ്യമായിടത്തെല്ലാം കുട്ടനാടന്‍ കട്ടകൊണ്ട് ബണ്ട് കെട്ടണമെന്നാണ് നിര്‍ദ്ദേശം. ഇത് എങ്ങനെയാണ് കരിങ്കല്‍ ബണ്ടുകളായി മാറിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മടവീഴാത്ത പാടശേഖരങ്ങളില്‍ പോലും നിലവിലുള്ള ബണ്ട് പൊളിച്ച് കരിങ്കല്‍ ബണ്ട് കെട്ടിക്കൊണ്ടിരിക്കുകയാ. ഇതിന് പിന്നിലുള്ള താല്പര്യങ്ങള്‍ എന്താണ്, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് .
കായല്‍നിലങ്ങളില്‍ ഈ കോണ്‍ക്രീറ്റ് മതില്‍ എന്തിന് വേണ്ടിയാണ് നിര്‍മ്മിക്കുന്നത്. നെല്‍ കൃഷിക്കുവേണ്ടിയോ മത്സ്യകൃഷിക്കുവേണ്ടിയോ ? നിലവിലുള്ളതിനേക്കാള്‍ അധികം കൃഷി കായല്‍ നിലങ്ങളില്‍ ചെയ്യുകയാണെങ്കില്‍ അതിവര്‍ഷത്തില്‍ അധിക ജലം ഉള്‍ക്കൊള്ളുക എന്ന ധര്‍മം എങ്ങനെയാണ് നിര്‍വ്വഹിക്കപ്പെടുക. 10 വര്‍ഷക്കാലത്തെ ശരാശരി വെള്ളപ്പൊക്കനിരപ്പിനേക്കാള്‍ 30 സെ. മീ. ഉയരത്തില്‍ വെള്ളം കവിഞ്ഞൊഴുകാന്‍ പാകത്തില്‍ മാത്രമേ പുറം ബണ്ട് നിര്‍മ്മിക്കാവൂ എന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. ഇന്നത്തെ ജലനിരപ്പില്‍ നിന്നൂം ഒരുമീറ്റര്‍ ഉയരത്തിലും, ശരാശരി 1.1 മീറ്റര്‍ കായലിലേക്ക് ഇറക്കിയുമാണ് ഈ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കായല്‍ പരപ്പുകളുടെ വിസ്തൃതി കുറക്കരുത് എന്ന കമ്മീഷന്റെ ഏറ്റവും പ്രധാന നിര്‍ദ്ദേത്തെ അട്ടിമറിക്കുന്നതാണ് ഈ ചെയ്തി. കഴിഞ്ഞ 2 ദശാബ്ദക്കാലമായി കക്കാ ഖനനം മൂലം കൃഷിക്കനുയോജ്യമല്ലാതായി മാറിയ റാണി, ചിത്തിര കായലുകളികളിലും ഈ മതിലുനിര്‍മ്മാണം നടക്കുന്നു എന്നത് മറ്റൊരു വിരോധാഭാസമാണ്. സി, ഡി, ബ്ലോക്കുകള്‍ക്ക് മദ്ധ്യത്തിലൂടെയും റാണി ചിത്തിര കായലുകള്‍ക്ക് മദ്ധ്യത്തിലൂടെയും 2 കനാലുകള്‍ നിര്‍മ്മിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് 46 കോടിരൂപയാണ് ഇതിന്റെ ചെലവ്. കായലിന്റെ മദ്ധ്യത്തില്‍ ഇത്തരം ഒരു കനാല്‍ നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക ആഘാത പഠനം (. . ) നിര്‍ദ്ദേശിച്ചിട്ടില്ല. 2006 ലെ ഇ. . എ നോട്ടിഫിക്കേന്‍ പ്രകാരം ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമായവയാണ്. ഇത് അധികാരികള്‍ പരിണിക്കുന്നതേയില്ല.
ഓരുവെള്ളക്കയറ്റം കുട്ടനാട് പാരിസ്ഥിതിക വ്യവസ്ഥയുടെ ഏറ്റവും സവിശേഷ സ്വഭാവമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ വടക്കന്‍ കുട്ടനാട്ടിലും മറ്റും (വൈക്കം കരി) കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥിരം ഓരുമുട്ടുകള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവയാണ്. ഇതിനെതിരെ ഇപ്പോള്‍തന്നെ കര്‍ഷക കൂട്ടായ്മകളും രംഗത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു
1) കരിങ്കല്‍ കോണ്‍ക്രീറ്റ് ബണ്ട് നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും, കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കനുയോജ്യമായി പുനരാവിഷ്‌കരിക്കുകയും വേണം.
2) കായല്‍ നിലങ്ങളുടെ ഭാവി എന്ത് എന്ന് പാരിസ്ഥിതികമായി തീരുമാനിച്ചതിന് ശേഷമേ ഏതൊരുനിര്‍മ്മാണപ്രവര്‍ത്തനവും നടത്താവൂ. അതുവരെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.
3) കായലുകളിലെ കനാലുകളുടെ നിര്‍മ്മാണം ഇ. . എ ക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ. ബദല്‍ സാധ്യതകള്‍ ആരായണം.
4) കായല്‍ കനാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. തീരങ്ങളില്‍ ഇക്കോ ടോണ്‍ ഏര്‍പ്പെടുത്തണം.
5) സ്‌പെഷ്യല്‍ അഗ്രിക്കള്‍ച്ചറല്‍ സോണ്‍ ഏര്‍പ്പെടുത്തല്‍, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കല്‍, തുടങ്ങി കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങല്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കുക. കുട്ടനാട് പാക്കേജ് എന്നാല്‍ പുറം ബണ്ട് നിര്‍മ്മാണമല്ല.
5) വാട്ടര്‍ഷെഡ് അടിസ്ഥാനത്തിലുള്ള സമഗ്ര കൃഷി എന്ന നിര്‍ദ്ദേശത്തെ ആടുവിതരണമാക്കി ചുരുക്കുന്ന രീതിക്കെതിരെ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാരും രംഗത്തുവരണം.
6) വേമ്പനാട് കായലിന്റെ ആവാഹക ശേഷി കണക്കാക്കി അതിനനുസരിച്ച് ഹൗസ് ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കണം. അവയില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണം. കായലില്‍ ഇടപെടുന്നതിന് പാരിസ്ഥിതിക നിബന്ധനകള്‍ അനിവാര്യമാണ്.
പത്രസമ്മേളനത്തില്‍ പരിഷത്ത് ജില്ലാപ്രസിഡന്റ് പി. ജയരാജ്, ജെക്രട്ടറി എന്‍. സാനു, പരിസര വിഷയസമിതി കണ്‍വീനര്‍ റജിസാമുവല്‍, വിഷയസമിതി അംഗങ്ങളായ ഡോ. ജോണ്‍ മത്തായി, എം. ഗോപകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Related Posts Plugin for WordPress, Blogger...