കുട്ടനാട് പായ്‌ക്കേജ് : നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസൃതാമായി നടപ്പിലാക്കണം - ജില്ലാ പരിസ്ഥിതി സംഗമം.


കുട്ടനാട്ടിലെ നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിനും മുന്‍ഗണന നല്‍കി ജനങ്ങളുടെ ജീവനോപാധിക്ക് ഉതകുന്ന വിധത്തില്‍ കുട്ടനാട് പായ്‌ക്കേജ് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ പരിസ്ഥിതി സംഗമം ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അന്തഃസത്തയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായാണ് പലനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അടഞ്ഞുപോയ കനാലുകളും തോടുകളും തുറന്നും ആഴം കൂട്ടിയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. ഇങ്ങനെ ലഭിക്കുന്ന ചേറുപയോഗിച്ച്് വേണം ബണ്ടുകള്‍ ബലപ്പെടുത്താന്‍. എന്നാല്‍ പുറം ബണ്ട് കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. തോടുകളുടെ വീതി കുറയ്ക്കരുതെന്ന സ്വാമിനാഥന്‍ കമ്മീന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം പോലും അവഗണിച്ചുകൊണ്ട് മിക്കയിടങ്ങളിലും തോടുകള്‍ക്കുള്ളിലേക്ക് ഇറക്കികെട്ടുന്ന കരിങ്കല്‍ ഭിത്തികള്‍ തോടിന്റെ വീതി കുറയ്ക്കുകയും നീരൊഴുക്ക് വീണ്ടും തടസ്സപ്പെടുത്തുകയാണ്. ഇത് വലയ പാരിസ്ഥിതിക തകര്‍ച്ചയിലേക്കാണ് കുട്ടനടിനെ കൊണ്ടെത്തിക്കുക. പുറം ബണ്ടുകള്‍ പരിധിയിലധികം ഉയര്‍ത്തിയാല്‍ കായലിലെ ജലനിരപ്പുയരുകയും ജനപഥങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും. ഇത്തരത്തില്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ കണക്കിലെടുക്കാതെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് വഴി വയ്ക്കും. കുട്ടനാടുമായി വൈകാരിക ബന്ധമുള്ള ഉദ്യോഗസ്ഥരെ പദ്ധതിയുടെ നിര്‍വ്വഹണത്തിനായി നിയമിക്കണം. തണ്ണീര്‍മുക്കം ബണ്ട് തുറന്നിടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേമ്പനാടിനെയും കുട്ടനാടിനെയും മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കണം. കൃത്യമായ കാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ കൃഷി പുനഃക്രമീകരിക്കണം. പദ്ധതി നടത്തിപ്പ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അന്തസത്തയ്ക്ക്് അനുസരിച്ചോണോ നടക്കുന്നത് എന്ന് വിലയിരുത്തുന്നതിന് രാഷ്ടീയ പാര്‍ട്ടികളും പൊതുജനങ്ങളും തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ ജില്ലയിലെ ടൂറിസം വ്യവസായം പത്തുകൊല്ലത്തിനപ്പുറത്തേക്ക് നിലനില്‍ക്കില്ലയെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അനിയന്ത്രിതമായി പെരുകുന്ന ഉല്ലാസ യാനങ്ങള്‍ യാതൊരുതരത്തിലുമുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അധികാരികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വ്യവസായ തകര്‍ച്ചയിലേക്കാകും ജില്ല ചെന്നെത്തുക.
ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ചുനടന്ന സംഗമം കുമരകം മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിലും ആലപ്പുഴയിലും അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് തദ്ദേശ ജലസംഭരണം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാണി, ചിത്തിര തുടങ്ങിയ കായലുകള്‍ ശുദ്ധജല സംഭരണ കേന്ദ്രങ്ങളാക്കണം. മാലിന്യക്കൂമ്പാരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ചതുപ്പുകള്‍ വൃത്തിയാക്കി ശുദ്ധജല സ്രോതസ്സുകളാക്കിമാറ്റണം. പാടശേഖരങ്ങളില്‍ കീടനാശിനികള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രയോഗിക്കുന്നത്. പലതും എഡോസള്‍ഫാനെക്കാള്‍ മാരകമാണ്. കീടനാശിനി പ്രയോഗത്തിന് നിയന്ത്രണമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേമ്പനാട് കായലിനെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും പരിഷത്ത് രൂപം നല്‍കിയ കര്‍മപരിപാടികള്‍ ജനങ്ങളില്‍ എത്തിക്കുന്നത് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സംഗമം തീരുമാനിച്ചു. കുട്ടനാട്ടിലെ കീടനീശിനി പ്രയോഗത്തെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി തുടര്‍ പരിപാടികള്‍ രൂപപ്പെടുത്തും. വിവിധ മേഖലകളിലെ പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിനും ജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിന് ബഹുജന വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിപക്കുന്നതിനും തീരുമാനിച്ചു. പരിഷത്ത് പരിസര വിഷയ സമിതി ചെയര്‍മാന്‍ ഡോ. രാമസ്വാമി അദ്ധ്യക്ഷനായിരുന്നു. ഡോ. ജോണ്‍ മത്തായി വിഷയാവരണം നടത്തി. കണ്‍വീനര്‍ റജി സാമുവല്‍ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. ജയരാജ്, സെക്രട്ടറി എന്‍. സാനു, എം. ഗോപകുമാര്‍, ജോര്‍ജ് മുല്ലക്കര, തുടങ്ങിയവര്‍ സംസാരിച്ചു.
Related Posts Plugin for WordPress, Blogger...