കേരളത്തിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ അവഗണിക്കപ്പെടുന്നു -ഡോ. ബി. ഇക്ബാല്‍ 
  കേരളത്തിലെ പ്രാഥമിക ആരോഗ്യസംവിധാനങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് കേരള സര്‍വ്വകലാശാലാ മുന്‍ വൈസ്ചാന്‍സലറും പ്രമുഖ ജനകീയ ആരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടു. ആരംഭഘട്ടത്തില്‍തന്നെ രോഗനിര്‍ണയം നടത്തി പരിഹാരം കണ്ടെത്തുന്ന പ്രാഥമിക ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥ യിലെത്തിയശേഷം മാത്രം നല്‍കപ്പെടുന്ന ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെപറ്റിയാണ് ഇന്ന് കേരളം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും നാട്ടില്‍ പെരുകുന്നത്.
വേണം മറ്റൊരു കേരളം എന്ന സന്ദേശമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ആലപ്പുഴ പുന്നപ്രയില്‍ സംഘടിപ്പിച്ച സംസ്ഥാന ആരോഗ്യ സെമിനാര്‍‌ ആലപ്പുഴ പുന്നപ്രയില്‍ ജനുവരി 7ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ശരാശരിയെക്കാള്‍ മൂന്നിരട്ടി അധികമാണ് കേരളത്തിലെ ചികിത്സാ ചെലവ്. ഇതിന്റെ ഫലമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു. ശാരീരിക ആരോഗ്യത്തേടൊപ്പം മലയാളിയുടെ മാനസിക ആരോഗ്യവും വലിയതോതില്‍ രോഗാതുരമായിക്കൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന ആരോഗ്യ സൂചകങ്ങളുള്ള കേരളത്തില്‍ രൂക്ഷമായ മാലിന്യ പ്രശ്നങ്ങളും പകര്‍ച്ചവ്യാധി രോഗങ്ങളും ജനകീയ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. നമുക്ക് ഒരു പൊതുജനാരോഗ്യ നയം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഡോ. ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി അദ്ധ്യക്ഷയായിരുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍പേഴ്സനുമായ ബി. സുലേഖ സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ ചെലവിനെസംബന്ധിച്ച് പരിഷത്ത് നടത്തിയ സര്‍വ്വേയുടെ പ്രാഥമിക വിലയിരുത്തല്‍ സെമിനാറില്‍ ഡോ. സി. അനീഷ് അവതരിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിലായി 1000 വീടുകളിലാണ് സര്‍വ്വേ നടത്തിയത്. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ചിക്ത്സാചെലവ് 3 മടങ്ങ് വര്‍ദ്ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷക്കും പുറമേയാണിത്. ആയിരത്തില്‍ ആറുപേര്‍ പ്രതിവര്‍ഷം ഒരുലക്ഷത്തിലധികം രൂപാ ചികിത്സക്കായി ചെലവിടുന്നു. ചികിത്സാ ചെലവുകളുടെ സിംഹഭാഗവും (60.7%) ജീവിതശൈലീ രോഗങ്ങളുടെ തുടര്‍ ചികിത്സക്കായാണ് ചെലവിടേണ്ടി വരുന്നത്. സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നു. കിടത്തി ചികിത്സാ ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേതിന്റെ നാലിരട്ടിയിലധികമാണ് സ്വകാര്യ ആശുപത്രികളിലെ ചെലവെന്നും പഠനത്തില്‍ പറയുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ജീവിതശൈലീരോഗങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സൈറൂ ഫിലിപ്പ്, പൊതുജനാരോഗ്യ സംവിധാനത്തിന്റെ പുനസംഘാടനം എന്ന വിഷയത്തില്‍ ഡോ. ബൈജു സോമന്‍, പുതിയകാലത്തെ മരുന്നും ലാബ് പരിശോധനകളും എന്ന വിഷയത്തില്‍ ഡോ. ഹരികുമാരന്‍ നായര്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയസമിതി ചെയര്‍മാന്‍ ഡോ. കെ. വിജയകുമാര്‍ മോഡറേറ്ററായുരുന്നു. സംഘാടകസമിതി കണ്‍വീനര്‍ കെ. പ്രസന്നകുമാര്‍ നന്ദി പറഞ്ഞു.
പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയസമിതി കണ്‍വീനര്‍ സി. പി. സുരേഷ് ബാബു, സംസ്ഥാന ട്രഷറര്‍ പി. വി. വിനോദ്, ജില്ലാ പ്രസിഡന്റ് പി. ജയരാജ്, ജില്ലാ സെക്രട്ടറി എന്‍. സാനു, ജില്ലാ ആരോഗ്യ വിഷയസമിതി കണ്‍വീനര്‍ എം. ആര്‍. പ്രസാദ് ദാസ്, ജയന്‍ പാനാത്ര എന്നിവര്‍ നേതൃത്വം നല്‍കി.
Related Posts Plugin for WordPress, Blogger...