വേണം മറ്റൊരു കേരളം പദയാത്ര - ജില്ലയില്‍ ആവേശകരമായ പര്യടനം
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സാമൂഹ്യ വികസന പദയാത്ര ആലപ്പുഴയിലെ നാലുദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. സാമൂഹ്യ വികസനത്തിനായി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ജനകിയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനം നടത്തുന്ന രണ്ട്് പദയാത്രകളില്‍ തെക്കന്‍ പദയാത്രയാണ് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കയത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂരില്‍ ജനുവരി 14 ന് പ്രശസ്ത കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയുടെ സ്മൃ തിമണ്ഡപത്തില്‍ നിന്നുമാരംഭിച്ച തെക്കന്‍ പദയാത്ര ജനുവരി 23 നാണ് ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പൗരപ്രമുഖരും ജനപ്രതിനിധികളും സംഘടനകളും ചേര്‍ന്ന് പദയാത്രയെ വരവേറ്റു.
വേണം മറ്റൊരു കേരളം പദയാത്ര ആലപ്പുഴ ജില്ലയില്‍
ജനുവരി 23ന് കായംകുളം കൃഷ്ണപുരത്ത് വച്ച് ജില്ലയിലെ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തില്‍ പദയാത്രയെ ജില്ലയിലേക്ക് വരവേറ്റു. കായംകുളം നഗരം, രാമപുരം നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്വീകരണയോഗങ്ങള്‍ സംഘടിപ്പിച്ചു.
ഹരിപ്പാട് നടന്ന സ്വീകരണ യോഗം പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ എം. പി. യുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന നിരവധിയായ സാമൂഹ്യ നേട്ടങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തിയിട്ടുള്ള സമരങ്ങളുടെ ചരിത്രം പുതുതലമുറ ഓര്‍ക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സാംസ്‌കാരിക ചരിത്രത്തില്‍ നാം പിന്നേട്ട് സഞ്ചരിക്കുകയാണ്. സംവാദങ്ങള്‍ക്ക് പകരം വിവാദങ്ങള്‍ വളര്‍ത്തുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. വ്യക്തിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍മേല്‍ ഭരണകുടത്തിന്റെ കടന്നുകയറ്റമാണ് ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം പുറത്തുകൊണ്ടുവന്നത്. എന്നാല്‍ അതിനെ ആ തരത്തില്‍ ചര്‍ച്ചചെയ്യാതെ വിഭാഗീയമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. മറ്റൊരു കേരളം വേണമെന്നത് എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24 ന് കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ സ്വീകരണയോഗങ്ങള്‍ നടന്നു. 25 ന് രാവിലെ അമ്പലപ്പുഴയില്‍ നിന്നും ആരംഭിച്ച പദയാത്രയെ പുന്നപ്ര, കളര്‍കോട് ആലപ്പുഴ നഗരം, പാതിരപ്പള്ളി എന്നിവിടങ്ങളില്‍ വരവേറ്റു. ആലപ്പുഴയില്‍ നടന്ന സ്വീകരണ യോഗം പ്രമുഖ ധനകാര്യവിദഗ്ദനും മുന്‍ മന്തിയുമായ ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. വേണം മറ്റൊരു ആലപ്പുഴ എന്നത് വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിന്റെ ഭാഗമാണെന്നും ആ ദിശയിലുള്ള ചര്‍ച്ചകള്‍ വരുംനാളുകളില്‍ നടക്കേണ്ടതുണ്ടെന്നും പദയാത്രാ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. അഴിമതിവിമുക്തവും ശാസ്ത്രബോധമുള്ളതും സുരക്ഷയുള്ളതുമായ കേരളമാണ് ഓരോരുത്തരുടെയും സ്വപ്നം. ഉപരിപ്ലവമായി കാണുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് പരിശോധിച്ചാല്‍ അസ്വസ്തമാകുന്ന ഒരു കേരളത്തെ കണ്ടെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ബി ചന്ദ്രബാബു, പി.കെ മേദിനി, അഡ്വ. സി. എസ് സുജാത, പി. ജ്യോതിസ്, . ശിവാനന്ദന്‍, അഡ്വ. ബി. രാജശേഖരന്‍ തുടങ്ങി ഒട്ടേറെ പൗരപ്രമുഖര്‍ സംബന്ധിച്ചു.
25 ന് കലവൂര്‍, കഞ്ഞിക്കുഴി, ചേര്‍ത്തല, വെള്ളിയാകുളം എന്നിവിടങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കി. വിവിധ യോഗങ്ങളില്‍ പി. പി. തിലോത്തമന്‍ എം. എല്‍. , പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ കെ. വി. ദയാല്‍, ഗാന രചയ്താവും കവിയുമായ രാജീവ് ആലുങ്കല്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്‌കുമാര്‍, മാരാരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്് പ്രഭാമധു, ജില്ലാ പഞ്ചായത്ത് അംഗം മനു. സി. പുളിക്കന്‍, മാലൂര്‍ ശ്രീധരന്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
പദയാത്രയോടൊപ്പം സഞ്ചരിക്കുന്ന കലാസംഘം വിവിധകേന്ദ്രങ്ങളില്‍ തെരുവ് നാടകങ്ങള്‍, ചൊല്‍കാഴ്ചകള്‍, ഗാനങ്ങള്‍ എന്നിവ അവതരിപ്പിച്ചു. വിവിധ സ്വീകരണ യോഗങ്ങില്‍ പരിഷത്ത് സംസ്ഥാന പ്രഡിഡന്റ് കെ. ടി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി. പി. ശ്രീശങ്കര്‍, പദയാത്രാ ക്യാപ്ടന്‍ ടി. പി. കുഞ്ഞിക്കണ്ണന്‍, വൈസ് ക്യാപ്്ടന്‍ ടി. കെ. മീരാഭായി, സംസ്ഥാന ട്രഷറര്‍ പി. വി. വിനോദ്്, നിര്‍വ്വാഹകസമിതി അംഗങ്ങളായ ജോജി കൂട്ടുമ്മല്‍, ജി. രാജശേഖരന്‍, ഡോ. കെ. വിജയകുമാര്‍, ഡോ. കെ. ജി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി. ജയരാജ്, സെക്രട്ടറി എന്‍. സാനൂ, ട്രഷറര്‍ ജയന്‍ ചമ്പക്കുളം, അഡ്വ. ടി. കെ. സുജിത്ത്, ആര്‍. രഞ്ജിത്ത്, ലേഖ കാവാലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 27 ന് ജാഥ തണ്ണീര്‍മുക്കം ബണ്ട് വഴി പദയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. ജാഥ ജനുവരി 30ന് ആലുവയില്‍ സമാപിച്ചു.
Related Posts Plugin for WordPress, Blogger...