ജല സംരക്ഷണ പ്രതിജ്ഞയുമായി ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു

കുടിവെള്ളം ജന്മാവകാശം - ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

കെ. കെ. കൃഷ്ണകുമാര്‍  ഉദ്ഘാടനം ചെയ്യുന്നു.

വരുംതലമുറകള്‍ക്ക് കൂടി അവകാശപ്പെട്ട കുടിവെള്ളം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന പ്രതിജ്ഞയോടെ 2013 മെയ് 6, 7, 8 തായതികളിലായി ചാരുംമൂട് മേഖലയിലെ നൂറനാട് പടനിലത്തുവച്ച് നടന്ന ആലപ്പുഴ ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യപരിഷത്താണ് ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചത്. പ്രാദേശിക ജല സ്രോതസ്സുകളുടെ ശോഷണം എന്ന വിഷയത്തില്‍ ഊന്നിയാണ് ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചത്. കുട്ടികള്‍ അവരുടെ പ്രദേശത്ത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജലസ്രോതസ്സുകളുടെ അവസ്ഥയും ഇന്നത്തെ അവസ്ഥയും പഠന വിധേയമാക്കി. അതുമായി താരതമ്യം ചെയ്ത് അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രദേശത്തിന്റെ ശുദ്ധജല ലഭ്യതയെ പറ്റി നിഗമനത്തല്‍ എത്തി. പഴയ തലമുറയിലെ ആളുകളോട് ചോദിച്ചും വിവരശേഖരണം നടത്തിയും തയ്യാറാക്കിയ പ്രബന്ധങ്ങള്‍ അവര്‍ കോണ്‍ഗ്രസ്സില്‍ അവതതരിപ്പിച്ചു.

പടനിലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കോണ്‍ഗ്രസ്സ് മെയ് 4ന് ഉച്ചക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി ജനറല്‍ സെക്രട്ടറിയുമായ കെ. കെ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കണ്‍വീനര്‍ മുരളി കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം ജയന്‍ ചമ്പക്കുളം ആമുഖ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ജോണ്‍ മത്തായി സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എസ്. രാമകൃഷ്ണന്‍ സ്വാഗതവും പരിഷത്ത് മേഖലാ സെക്രട്ടറി എം. ഷംസുദ്ദീന്‍ കുഞ്ഞ് നന്ദിയും രേഖപ്പെടുത്തി. ജില്ലയുടെ വിവധ മേഖലകളില്‍ നിന്നായെ തെരഞ്ഞെടുക്കപ്പെട്ട അന്‍പത്തിരണ്ട് കുട്ടികളാണ് ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുത്തത്.

ഉദ്ഘാടന ശേഷം കുട്ടികള്‍ തയ്യാറാക്കി വന്ന പ്രബന്ധങ്ങളുടെ അവതരണങ്ങള്‍ എട്ട് സമാന്തര സെഷനുകളിലായി നടന്നു. നാട്ടിലെ ശുദ്ധജല സ്രോതസ്സുകള്‍ അതിവേഗം അപ്രക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കുട്ടികള്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വ്യക്തമാക്കുന്നു. 20 കൊല്ലം മുമ്പ് കുടിവെള്ളത്തിനുപയോഗിച്ചിരുന്ന ജല സ്രോതസ്സുകളില്‍ എണ്‍പത് ശതമാനവും ഇന്ന് ഉപയോഗയോഗ്യമല്ല. ജില്ലയുടെ തീരപ്രദേശങ്ങളിലാണ് ഇതിന്റെ രൂക്ഷത കൂടുതല്‍. ഇവിടങ്ങളില്‍ സ്വാഭാവിക ശുദ്ധജലസ സ്രോതസ്സുകള്‍ ഏറെക്കുറെ പൂര്‍ണമായും അപ്രത്യക്ഷമായി എന്ന് കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് തിളപ്പികാകതെ തന്നെ നേരിട്ട് കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയുമായിരുന്ന സ്രോതസ്സുകളൊക്കെതന്നെ ഇന്ന് മലിനപ്പെട്ടിരിക്കുന്നു. ജില്ലയിലെ നല്ല ശതമാനം ജനങ്ങളും കുടിവെള്ളം വാങ്ങിഉപയോഗിക്കുകയാണ്. ഇങ്ങനെ പോയാല്‍ അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കുടിവെള്ളം പൂര്‍ണമായും വാങ്ങിഉപയോഗിക്കേണ്ട വസ്തുവായിത്തീരുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കുന്നു.ഇതാണ് നിലവിലുള്ള സ്രോതസ്സുകളെയെങ്കിലും സംരക്ഷിക്കും എന്ന തീരുമാനത്തില്‍ അവരെ എത്തിച്ചത്.

രാത്രിയില്‍ സിനിമാ പ്രദര്‍ശനവും സംവാദവും നടന്നു. ‘ഒരിടത്ത് ഒരു പുഴയുണ്ട്’ എന്ന കുട്ടികളുടെ പരിസ്ഥിതി സിനിമ ആണ് പ്രദര്‍ശിപ്പിച്ചത്. പ്രകൃതിയും പെണ്ണും എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നത് എന്ന് സിനിമ കാട്ടിത്തരുന്നു. സമൃദ്ധമായി വെള്ളമുണ്ടായിരുന്ന ഒരു പുഴയുടെ തീരത്തുള്ള തമിഴ് ഗ്രാമത്തിലെ കര്‍ഷകരുടെ കഥയാണ് മുഖ്യ പ്രമേയം. പുഴയുടെ തീരത്ത് ആരംഭിച്ച കുടിവെള്ള ഫാക്ടറിയുടെ ജലചൂഷണം മൂലം ഗ്രാമം വരള്‍ച്ചയിലാവുകയും കര്‍ഷകരില്‍ പലരും നാടുവിടുകയും ചെയ്യുന്നു. ചിലരാകട്ടെ വരുമാനം കുറഞ്ഞ പാവ നിര്‍മാണം പോലെയുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നു.

കലവൂര്‍ രവികുമാര്‍ കുട്ടികളുമായി സംവദിക്കുന്നു
എന്നിട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഗ്രാമവാസികള്‍ നാടുവിട്ട് കേരളത്തില്‍ എത്തുന്നു. അങ്ങനെ കേരളത്തല്‍ എത്തപ്പെടുന്ന മംഗള എന്ന പെണ്‍കുട്ടിയുടെ അനുഭവവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പ്രദര്‍ശനത്തിനുശേഷം സിനിമയുടെ സംവിധായകനും പ്രമുഖ തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ (ഇഷ്ടം, നമ്മള്‍...) കുട്ടികളുമായി സിനിമാ അനുഭവങ്ങള്‍ പങ്കുവച്ചു. മുഖ്യധാര സിനിമ ആയിരുന്നില്ല എങ്കില്‍ കൂടി കുട്ടികളെ ഏറെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് സാധിച്ചതായി കുട്ടികള്‍ നടത്തിയ അഭിപ്രായങ്ങള്‍ വ്യക്തമാക്കി.മറ്റേതൊരു സിനിമയെക്കാളും കൂടുതലായി ഈ സിനിമ ജനങ്ങളുടെ, പ്രത്യേകിച്ചും കുട്ടികളുടെ ഇടയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. സിനിമകള്‍ക്ക് വലിയ സാമൂഹ്യ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് കലവൂര്‍ രവികുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് സാമൂഹ്യ പ്രസക്തിയുള്ള ഹ്രസ്വ ചിത്രങ്ങള്‍ കുറഞ്ഞചെലവില്‍ നിര്‍മ്മിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ടാം ദിവസം രാവിലെ കുട്ടികള്‍ മാവേലിക്കര ജില്ലാ കൃഷിത്തോട്ടവും സംസ്ഥാന തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രവും സന്ദര്‍ശിച്ചു.
ജില്ലാ കൃഷിത്തോട്ടം സന്ദര്‍ശിക്കുന്നു
ഉച്ചയ്ക്ക് ശേഷം ഇതിന്റെ റിപ്പോര്‍ട്ട് അവതരണം നടന്നു. വൈകിട്ട് ശാസ്ത്ര ക്ലാസ്സും രാത്രിയില്‍ നക്ഷത്ര ക്ലാസ്സും നടന്നു. മൂന്നാം ദിവസം രാവിലെ കുട്ടികളുടെ പത്രനിര്‍മ്മാണം, രസതന്ത്രക്ലാസ്സ് എന്നിവയാണുണ്ടായിരുന്നത്. ക്യാമ്പ് അനുഭവങ്ങള്‍ ചേര്‍ത്തുകൊണ്ട് രകരവും വിജ്ഞാന പ്രദവുമായ പത്രങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി. രസതന്ത്രവും ഗണിതവും എന്ന വിഷയത്തില്‍ ഹരിപ്പാട് ഹവ. ഗേള്‍സ് സ്‌കൂളിലെ അധ്യാപകന്‍ എസ്. സത്യജ്യോതി ക്ലാസ്സെടുത്തു.
ആര്‍. രാജേഷ് എം. എല്‍. എ. സംസാരിക്കുന്നു.
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 8ന് മൂന്നാം ദിവസം ഉച്ചക്ക് നടന്ന സമാപന സമ്മേളനം മാവേലിക്കര എം. എല്‍ . എ. ആര്‍ . രാജേഷ്  ഉദ്ഘാടനം ചെയ്തു. ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളല്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ അളവിലുള്ള നിലം നികത്തലും കുന്നിടിക്കലും മൂലം ഭൂഗര്‍ഭ ജലവിതാനം വളരെയധികം താഴ്ന്നുപോയിരിക്കുന്നു. തീരപ്രദേശങ്ങളിലും കായല്‍ പ്രദേശങ്ങളിലും ഓരും മാലിന്യങ്ങളുമാണ് പ്രശ്‌നമെങ്കില്‍ ഇവിടെ അതുപോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഈ ആവസരത്തില്‍ ഇത്തരത്തിലുള്ള പഠന പരിപാടിക്ക് തയ്യാറായ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികള്‍ പ്രകൃതി സമ്പത്തുകളുടെ കാവല്‍ക്കാരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷത്ത് ജില്ലാ ട്രഷറര്‍ എന്‍. സാനു അദ്ധ്യക്ഷനായിരുന്നു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ സംസാരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് റജി സാമുവല്‍, പടനിലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ എം. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വി. കെ. കൈലാസ് നാഥ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി. സി. ശ്രീകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


Related Posts Plugin for WordPress, Blogger...